ഹൈദരാബാദ്: പ്രതീക്ഷിച്ച ഫലം വോട്ടെടുപ്പിൽ ലഭിച്ചില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി(Asaduddin Owaisi On Assembly Election Result 2022). എഐഎംഐഎമ്മിന്റെ സംസ്ഥാന അദ്ധ്യക്ഷനും പ്രവർത്തകർക്കും അംഗങ്ങൾക്കും പാർട്ടിക്ക് വോട്ട് ചെയ്ത പൊതുജനങ്ങൾക്കും നന്ദി പറയുകയാണ്. വലിയ ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. പക്ഷേ പ്രതീക്ഷിച്ച ഫലം വോട്ടെടുപ്പിൽ ലഭിച്ചില്ലെന്നും വീണ്ടും കഠിനാധ്വാനം ചെയ്യുമെന്നും ഒവൈസി പറഞ്ഞു.
ഹൈദരാബാദിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഒവൈസിയുടെ പ്രതികരണം. അതേസമയം ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരം നൽകാനുള്ള ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. എന്നാൽ
യോഗി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മുസ്ലീം ഭൂരിപക്ഷം അധികമുള്ള നിയോജക മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്.
എന്നിട്ടും അത്തരം മണ്ഡലങ്ങളിൽ പോലും ഒവൈസിയുടെ പാർട്ടിക്കാർക്ക് സീറ്റ് നേടാൻ സാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. 0.48 ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ ഉത്തർപ്രദേശിൽ ബിജെപി റെക്കോർഡ് വിജയമാണ് നേടിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടമായിരുന്നു നാം ഇന്നലെ കണ്ടത്. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു യുപിയിലെ തെരഞ്ഞെടുപ്പ് ഫലം.മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിക്ക് 32.06 ശതമാനം വോട്ടുകൾ ലഭിച്ചു. 111 സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനായത്. മറ്റ് രണ്ട് പ്രധാന പാർട്ടികളായ ബിഎസ്പിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങേണ്ടിയും വന്നു.

