Thursday, May 16, 2024
spot_img

‘അധികാരത്തിൽ വന്നാൽ ഉത്തർപ്രദേശിൽ ഇനിയും അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും’; പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ തുറന്നടിച്ച് പ്രധാനമന്ത്രി

ലക്‌നൗ: അധികാരത്തിലെത്തിയാൽ യുപിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി. ഉത്തർപ്രദേശിലെ പ്രഗ്യാരാജിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികൾക്ക് നേരെ വിമർശനമുയർത്തിയത്.

പ്രതിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്നും സർക്കാർ ജോലികളുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും ബി.എസ്.പി യും നൽകിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ, യോഗി സർക്കാർ അഞ്ച് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നൽകിയതെന്നും മോദി പറഞ്ഞു.

‘തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം സർക്കാർ ജോലികളുടെ കാര്യത്തിൽ പുതിയ വാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്. ഇവർ മുൻപ് പറഞ്ഞ വാഗ്ദാനങ്ങളൊക്കെ പാലിച്ചിട്ടിട്ടുണ്ടോ? ബി.എസ്.പി യും സമാജ്‍വാദി പാർട്ടിയും ഭരിച്ച കാലത്ത് പത്ത് വർഷം കൊണ്ട് ആകെ രണ്ട് ലക്ഷം സർക്കാർ ജോലികളാണ് യുവാക്കൾക്ക് നൽകിയത്.എന്നാൽ, യോഗി സർക്കാരിന്റെ ഭരണകാലത്ത് അഞ്ച് ലക്ഷം സർക്കാർ ജോലികളാണ് യുവാക്കൾക്ക് നൽകിയത്. വീണ്ടും യോഗി സർക്കാർ അധികാരത്തിലെത്തിയാൽ അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും’- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം 403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 4 റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10, 14, 20, 23 തീയതികളിലായാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. അവസാന 3 ഘട്ടങ്ങളിലെ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും. മാര്‍ച്ച് 10-നാണ് വോട്ടെണ്ണല്‍ നടക്കുക.

Related Articles

Latest Articles