Friday, May 3, 2024
spot_img

വിശേഷമുണ്ട്! പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ കുനോയിലെത്തിച്ച ചീറ്റ ‘ആശ’ ഗര്‍ഭിണിയാണെന്ന് സംശയം

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് സെപ്റ്റംബർ പതിനേഴിന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന് സൂചന. ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെത്തിച്ച ചീറ്റകളെ തുറന്നുവിടുന്ന മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റയ്ക്ക് ഈ പേരിട്ടത്‌. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും ഇത്.

ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ആശ ഗര്‍ഭിണിയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചാല്‍ ചീറ്റപ്പുലിക്ക് ദേശീയോദ്യാനത്തില്‍ പ്രത്യേക കരുതലും സംരക്ഷണവും ഒരുക്കുമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്കര്‍ പറഞ്ഞു. നമീബിയയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പെണ്‍ ചീറ്റകളേയും മൂന്ന് ആണ്‍ ചീറ്റകളേയും പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്.

Related Articles

Latest Articles