കണ്ണൂർ : കേരളത്തെ നടുക്കിയ അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50,000 രുപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻ കോടതിയുടെതാണ് വിധി. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം. വി മർഷൂക്കിനെയാണ് ശിക്ഷിച്ചത്.
മൂന്നാം പ്രതിയൊഴികെയുള്ള പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിലെ 13 പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കോടതി വിധിയിൽ തൃപ്തിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് അശ്വനി കുമാറിന്റെ കുടുംബം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എൻഡിഎഫ് പ്രവർത്തകരായ അസീസ്(44), നൂഹുൽഅമീൻ(42), എം.വി.മർഷൂക്ക്(40), പി.എം.സിറാജ്(44), സി.പി.ഉമ്മർ(42), എം.കെ.യൂനുസ്(45), ആർ.കെ.അലി(47), പി.കെ.ഷമീർ(40), കെ.നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ.ഷമ്മാസ്(37), കെ.ഷാനവാസ്(37) എന്നിവരാണ് കേസിലെ പ്രതികൾ.
2005 മാർച്ച് 10ന് രാവിലെ പത്തരയോടെയാണ് 27 കാരനായ അശ്വിനി കുമാറിനെ കൊല്ലപ്പെടുന്നത്.രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു അദ്ദേഹം. പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നിരവധിയാളുകളുടെ മുൻപിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

