Monday, May 20, 2024
spot_img

കേട്ടറിഞ്ഞത് മാത്രമല്ല അഫ്ഗാൻ ജനത, ഒരു അനുഭവ സാക്ഷ്യം ഇതാ..അഫ്ഗാനിലെ സുന്ദരൻമാരും സുന്ദരികളും

അഫ്‌ഗാനിസ്ഥാനിൽ അഞ്ച്‌ വർഷത്തോളം ജോലി ചെയ്ത മലയാളിയായ നെവിൻ ജെയിംസ് ന്റെ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ഓർമ്മകൾ

അഫ്‌ഗാനിസ്ഥാനിൽ അഞ്ച്‌ (2005 to 2010 ) വർഷം താമസിക്കാനും 2016 വരെ പല തവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെ പറ്റി പറയണം എന്ന് വിചാരിക്കുന്നു. അഫ്ഘാനിസ്ഥാനെ കുറിച്ച് വരുന്ന പല വാർത്തകളും അവിടെ പോയിട്ടില്ലാത്ത ലേഖകർ എഴുതുന്നതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അഫ്ഘാൻ സൊസൈറ്റിയെ കുറിച്ച് ഇപ്പോൾ നമുക്കുള്ള അറിവുകൾ വളരെ പരിമിതമാണ്. പഷ്‌തൂൺ കാരെ കാണിക്കുന്ന പല ഇന്ത്യൻ സിനിമകളിലും പറയുന്ന ഭാഷ അവരുടേതല്ല. അവർ ഒരിക്കലും ധരിക്കാൻ സാധ്യത ഇല്ലാത്ത വസ്ത്രങ്ങളും തൊപ്പിയുമൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്. പഷ്‌തൂൺ (പഠാൻ) താക്കുർ സൗഹൃദമൊക്കെ ഒരുപാടു ഹിന്ദി സിനിമകളിൽ വന്നിട്ടുണ്ട്.

പൊതുവെ പറയുന്ന പോലെ അഫ്ഘാനിസ്ഥാൻ ഒരു മരൂഭൂമിയോ ഊഷരമായ പർവത പ്രദേശങ്ങൾ മാത്രമുള്ള ഒരു രാജ്യമല്ല. സുന്ദരമായ താഴ്വാരങ്ങളും, മഞ്ഞു മൂടിയ പർവ്വതങ്ങളും, നദികളും, മനോഹരങ്ങളായ ആപ്പിൾ, ചെറി, മുന്തിരി തോട്ടങ്ങളൊക്കെ ഉള്ള സെൻട്രൽ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന ഒരു സുന്ദര പ്രദേശം കൂടിയാണ്. പഞ്ചശീർ താഴ്വാരവും, ഹിന്ദുകുഷ് പർവത പ്രദേശങ്ങളും ഒക്കെ വളരെ മനോഹരമായ കാഴ്ചകളാണ്. അവിടുത്തെ ഡ്രൈ ഫ്രൂട്ട്സിന്റെ ക്വാളിറ്റി ലോകപ്രശസ്തമാണ്. കാണ്ഡഹാർ അനാർ എന്ന് വിളിക്കുന്ന വലുപ്പവും മധുരവും ഏറെയുള്ള മാതളനാരങ്ങയ്ക്കും ആരാധകർ ഏറെയാണ്.

കാബൂൾ ഒരു കാലത്തു പാരീസ് ഓഫ് സെൻട്രൽ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂൾ തെരുവുകൾ ഒരു പാട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. അമേരിക്ക 2001 ഇൽ താലിബാനെ പുറത്താക്കിയ ശേഷം കാബൂൾ, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാർ, ജലാലാബാദ് എന്നീ നഗരങ്ങൾ ഒരുപാടു വികസിക്കുക ഉണ്ടായി. കുറച്ചുകൂടി പുരോഗമന ചിന്താഗതികൾ കാബൂൾ, ഹെരാത്, മസാരേഷരിഫ് എന്നീ നഗരങ്ങളിൽ ആയിരുന്നു. അന്ന് മുതൽ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളിൽ എല്ലാം പെൺകുട്ടികൾ സ്കൂളിൽ പോകുകയും സ്ത്രീകൾ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകൻ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകൾ ആയിരുന്നു എംപ്ലോയീസ്.

അഫ്ഘാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. വെജിറ്റേറിയൻ എന്ന concept അവർക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ലോക്കൽ റെസ്റ്റാറ്റാന്റിൽ ചെന്ന് വെജിറ്റേറിയൻ ഫുഡ് ചോദിച്ചാൽ നോൺ വെജ് ഫുഡിലെ മാംസക്കഷണങ്ങൾ എടുത്തു മാറ്റി വെജ്ജാക്കി കൊണ്ടുത്തരും.

2003 മുതൽ 2010 വരെ വിദേശിയർക്കായി കാബൂൾ നഗരത്തിൽ ഒരുപാടു നൈറ്റ് ക്ലബ്ബുകൾ ഓപ്പൺ ആയിരുന്നു. ആദ്യമൊക്കെ ലോക്കൽസിനും പാകിസ്താൻകാർക്കും അവിടെ പ്രവേശനം ഇല്ലാരുന്നു. പാസ്പോര്ട്ട് നോക്കിയാരുന്നു എൻട്രി. പിന്നീട് സ്വാധീനമുള്ള ലോക്കൽബിസിനെസ്സിസും കൂടി അവിടെ എത്താൻ തുടങ്ങിയപ്പോൾ ഗവണ്മെന്റ് അതൊക്കെ നിരോധിക്കുക ഉണ്ടായി.

അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവൻ നീളുന്ന പാട്ടും ഡാൻസുമൊക്കെ ഉള്ള വലിയ ആഘോഷങ്ങൾ ആണ്. അഫ്ഘാനിസ്ഥാനിലെ വിവിധ ജനവിഭാഗങ്ങളിൽ പഷ്ത്തൂണുകളെക്കാളും മോഡേൺ ഔട്‍ലൂക്കും വിദ്യാഭാസവും താജിക് വംശജർക്കാണ്. ബിസിനെസ്സിലും അവരാണ് മുന്നിൽ. മംഗോളിയൻ ഛായ ഉള്ള ഹസാരകൾക്കു അവിടെ വലിയ പരിഗണന ഉണ്ടെന്നു കരുതാൻ വയ്യ. ആ മനോഹരമായ നാട്, പഴയ പ്രതാപത്തിലും, സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles