Wednesday, May 15, 2024
spot_img

ബാഗ് മുകളിൽ വയ്ക്കാൻ സഹായംതേടി; അർബുദബാധിതയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു; അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ ക്രൂരത

ദില്ലി : ശസ്ത്രക്രിയയ്ക്ക് വിധേയയായി കുറച്ചു ദിനങ്ങൾ മാത്രം പിന്നിട്ട അർബുദ രോഗിയായ സ്ത്രീയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടതായി ആരോപണം.ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്കു സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസിന്റെ എഎ–293 വിമാനത്തിലാണ് മനസാക്ഷിയെ മരവിപ്പിച്ച സംഭവം നടന്നത്.

വിമാനത്തിന്റെ മുകളിലുള്ള ക്യാബിനിലേക്ക് തന്റെ കയ്യിലുള്ള ബാഗ് വയ്ക്കാന്‍ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാൽ ഭാരമുള്ള ബാഗ് ബാഗ് ഉയർത്താൻ യുവതി സഹായം അഭ്യർഥിച്ചതോടെ വിമാനജീവനക്കാർ സഹായം നിരസിക്കുകയും വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന്‌ യാത്രക്കാരിയായ മീനാക്ഷി സെൻഗുപ്ത ആരോപിച്ചു.

സംഭവത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസിനെതിരെ പൊലീസിൽ പരാതി നൽകി. വിഷയം പരിശോധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി.

അതേസമയം, ജനുവരി 30ന് ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്ത ഒരു യാത്രക്കാരിയെ വിമാനത്തിൽനിന്ന് ഇറക്കിയെന്നും അവരുടെ ടിക്കറ്റിന്റെ പണം കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചെന്നും അമേരിക്കൻ എയർലൈൻസ് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ അവധി ആഘോഷിക്കാനായി വന്നപ്പോഴാണ് അർബുദ ബാധിതയാണെന്ന് കണ്ടെത്തുന്നത് തുടർന്ന് ഇവിടെവച്ചുതന്നെ ശസ്ത്രക്രിയ നടത്തി. തുടർ ചികിത്സകൾക്കായി അമേരിക്കയിലേക്ക് തിരികെ പോകുകയായിരുന്നു മീനാക്ഷി. വിമാനത്തിൽനിന്ന് ഇറക്കിവിട്ടതിനെത്തുടർന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അവർ അമേരിക്കയിലേക്ക് പോയി.

Related Articles

Latest Articles