Monday, May 20, 2024
spot_img

തട്ടിപ്പ് കേസിൽ കെട്ടാൻ പോകുന്നവനെ തട്ടി അകത്താക്കി ഒടുവിൽ നായികയും അതേ കേസിൽ അറസ്റ്റിൽ | RABHA

പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ അസം പൊലീസ് ഉദ്യോഗസ്ഥ ജുൻമോനി രാഭയും അതേ കേസിൽ അറസ്റ്റിൽ. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

അസമിലെ നാഗൺ ജില്ലയിൽ സബ് ഇൻസ്പെക്ടറായിരുന്ന രാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ പ്രതിശ്രുതവരൻ പൊഗാഗ്, രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയും ചെയ്‌തതായാണ് പരാതി. കരാറും ആളുകൾക്കു ജോലിയും നേടിത്തരാമെന്ന് വാഗ്‌ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നൽകിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും മജൂലി ജയിലിൽ അടയ്ക്കുകയും ചെയ്‌തു.

‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാഭയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുകയായിരുന്നു. രാഭയെ മജൂലി ജില്ലാ ജയിലിൽ അടച്ചു. 2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറിൽ ഇവരുടെ കല്യാണം നടത്താൻ തീരുമാനിച്ചിരുന്നു. നേരത്തേ, ബിഹ്പുരിയാ എംഎൽഎ അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതു വിവാദമായിരുന്നു.

പ്രതിശ്രുത വരനെ അഴിക്കുള്ളിലാക്കിയ സംഭവം:

പ്രതിശ്രുത വരനെ വഞ്ചനാക്കുറ്റത്തിന് അഴിക്കുള്ളിലാക്കി അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് എസ്ഐയുടെ ഭാവി വരനായ റാണ പഗാഗിനെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ എസ്ഐയുമായി വിവാഹ നിശ്ചയം നടത്തിയത്. എന്നാൽ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ഭാവി വരന്റെ വഞ്ചന എസ്ഐ കണ്ടെത്തിയത്.

ഇതിനു പുറമേ ഒഎൻജിസിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാൾ ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് ഒഎൻജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. ഈ വർഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

‘കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണു ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എനിക്കു നഗാവിലേക്ക് മാറ്റം കിട്ടിയത്. തനിക്ക് സിൽചാറിലേക്കും മാറ്റം ലഭിച്ചതായി ഇയാൾ എന്നോടു പറഞ്ഞു. പക്ഷേ, സിൽചാറിൽ ജോലിക്കായി പോകുന്നില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോൾ, എന്റെ ജോലി സ്ഥലത്തുനിന്നു ദൂരെ മാറിയുള്ള ഒരിടത്ത് ജോലി ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു മറുപടി’ – എസ്ഐ വിശദീകരിച്ചു.

‘2021 ജനുവരിയിലാണു ഞാൻ ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പിന്തുണച്ചതോടെ വിവാഹ നിശ്ചയം നടത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പക്ഷേ, അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു’ – എസ്ഐ പറഞ്ഞു.

‘ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേർ എന്നെ കാണാൻ വന്നു. അവരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎൻജിസിയിൽ സിഎസ്ആറിന്റെ ചുമതലയുള്ള പിആർ ഓഫിസറാണെന്നാണ് അയാൾ എന്നോടു പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നു കണ്ടെത്തിയതോടെയാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്’ – ജുൻമോണി റാഭ പറഞ്ഞു.

Related Articles

Latest Articles