Monday, December 29, 2025

ബിജെപി തരംഗം ആവർത്തിക്കുമോ? 2022ലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ എട്ടുമണിമുതൽ

ദില്ലി: അഞ്ചിലങ്കത്തിൽ ആര് കൊടി നാട്ടുമെന്ന് ഇന്നറിയാം. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി നിമിഷങ്ങൾ മാത്രം(Assembly Election 2022 Result). ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ അറിയാനാകും. യുപിയിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും തമ്മിൽ മുഖ്യ മത്സരം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസുമാണ് പ്രധാന കക്ഷികൾ. 403 സീറ്റുകളിൽ ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം തന്നെ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. പഞ്ചാബിൽ 117 സീറ്റുകളും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ ബിജെപിക്കാണ് മുൻതൂക്കം.

പഞ്ചാബിൽ നിലവിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടേക്കാമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്. മണിപ്പൂരിൽ 60 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വിജയം കൊയ്യുമെന്നും 40 സീറ്റുകളുള്ള ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ 1200 ഓളം ഹാളുകളിലായി 50,000 ഉദ്യോഗസ്ഥർക്കാണ് വോട്ടെണ്ണൽ ചുമതല. 403 സീറ്റുകളുള്ള യുപിയിൽ 750 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്.

Related Articles

Latest Articles