Saturday, May 18, 2024
spot_img

നിയമസഭ കയ്യാങ്കളി കേസ്; രക്ഷ തേടി സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയിരിക്കുന്നത്.

സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്നും ഇതില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നും കേരളം അപ്പീല്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2015ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് അന്ന് കേസെടുത്തത്.

അതേസമയം, സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. സഭയുടെ അന്തസ്സ് കെടുത്തുന്ന തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കരുതെന്നാണ് തന്റെ ആവശ്യമെന്നു രമേശ് ചെന്നിത്തലയുടെ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles