Saturday, May 11, 2024
spot_img

കൂടത്തില്‍ തറവാട്ടിലെ സ്വത്തില്‍ പങ്ക് ചോദിച്ച് പൊലീസും: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കരമനയില്‍ ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയില്‍ പൊലീസ് പങ്ക് ചോദിച്ചെന്ന് കോടതി ജീവനക്കാരന്‍ രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി. ഒരു അഞ്ച് സെന്റെങ്കിലും തനിക്ക് തന്നുകൂടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു.
മരിച്ച ജയമാധവന്‍ നായരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു. മരണകാരണമില്ലെന്നും ആന്തരിക അവയവങ്ങള്‍ സാധാരണ നിലയിലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജയമാധവന്റെയും ജയപ്രകാശിന്റെയും മരണത്തിലാണ് തനിക്ക് സംശയമുള്ളതെന്നും അവര്‍ മരിച്ചു കിടക്കുമ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നതായും കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണത്തിലെ പരാതിക്കാരിയായ പ്രസന്നകുമാരി പറഞ്ഞു. തന്റെ പരാതിയില്‍ കേസന്വേഷണം തുടങ്ങിയപ്പോഴും അതിന് മുമ്പും വീട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ഭീഷണിപ്പെടുത്തി.

ഭൂമി ഭാഗം വയ്ക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറി.ജയമാധവന്റെയും ജയപ്രകാശിന്റെയും മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിടാതായതോടെ സംശയം ഇരട്ടിച്ചു. ജയമാധവനും ജയപ്രകാശും മാനസിക രോഗികളായിരുന്നു. ഇത് മറയ്ക്കാന്‍ അവരുടെ ചികിത്സാ രേഖകള്‍ കത്തിച്ചു.

ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് ഇത് ചെയ്തതെന്നും പ്രസന്നകുമാരി പറഞ്ഞു.വ്യാജ വില്‍പ്പത്രമുണ്ടാക്കി 30 കോടിയിലധികം രൂപ വിലവരുന്ന ഭൂസ്വത്തുക്കള്‍ കാര്യസ്ഥന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം.

കരമന കാലടി ഉമാമന്ദിരത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കള്‍ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരന്‍ നാരായണ പിള്ളയുട മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് 1991 മുതല്‍ 2017 വരെ 26 വര്‍ഷത്തിനിടെ പല കാലത്തായി മരണമടഞ്ഞത്. 1998 ല്‍ ഗോപിനാഥന്‍ നായരുടെ മരണംതൊട്ടുള്ള സംഭവപരമ്പരകളിലാണ് സംശയം.

Related Articles

Latest Articles