സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായ എലോണ്‍ മസ്‌കിന്റെ ആസ്തി ബില്യൺ ഡോളർ കടന്നതായി റിപ്പോർട്ട്. ഇതാദ്യമായാണ് ഒരു വ്യക്തിയുടെ ആസ്തി 400 ബില്യൺ ഡോളർ കടക്കുന്നത്. ബ്ലുംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസിനേക്കാൾ 140 ബില്യണ്‍ ഡോളറിന്റെ ആസ്തി മസ്കിനുണ്ട്.
ഈയിടെ സ്‌പേസ് എക്‌സില്‍ നടന്ന ഓഹരി വില്പനയാണ് മസ്‌കിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. ഇതിലൂടെ മസ്കിന്റെ ആസ്തിയില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. സ്‌പേസ് എക്‌സിന്റെ മൊത്തം മൂല്യമാകട്ടെ 350 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. ഇതോടെ ലോകത്തിലെതന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായി സ്‌പേസ് എക്‌സ് മാറുകയും ചെയ്തു. ഇതിനൊപ്പം ടെസ്‌ലയുടെ ഓഹരി വിലയിലെ കുതിപ്പും മസ്‌കിന്റെ ആസ്തി 447 ബില്യണ്‍ ഡോളറാകാന്‍ സഹായിച്ചു. ടെസ്‌ലയുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 415 ഡോളറിലേക്കാണ് ഈയിടെ ഉയര്‍ന്നത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വമ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ടെസ്‌ലയുടെ ഓഹരി വിലയില്‍ 65 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയത്. മസ്‌കിന്റെതന്നെ നിര്‍മിത ബുദ്ധി കമ്പനിയായ എക്‌സ്എഐയുടെ മൂല്യവും കുത്തനെ ഉയര്‍ന്നു. അത്യാധുനിക എഐ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ കമ്പനി ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

