Monday, May 20, 2024
spot_img

കോവളത്ത് യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു; ദുര്‍ഗന്ധം രൂക്ഷമായതോടെ സഞ്ചാരികള്‍ സ്ഥലം വിട്ടു; ഇത്രത്തോളം മത്സ്യങ്ങള്‍ കൂട്ടമായി കരയ്ക്കടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാര്‍ഡുകള്‍

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ടൂറിസം കേന്ദ്രമായ കോവളം തീരത്ത് യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. ചത്ത മത്സ്യങ്ങളില്‍ നിന്ന് തീരത്ത് ദുര്‍ഗന്ധം പരന്നത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. തദ്ദേശീയമായി മുള്ളന്‍ പേത്തയെന്നും കടല്‍ മാക്രിയെന്നും വിളി പേരുള്ള യേവ മത്സ്യത്തിനൊപ്പം ക്ലാത്തി മീനുകളും ചത്ത് കരയ്ക്കടിഞ്ഞത് ബീച്ച് ശുചീകരണതൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി.

തെളിഞ്ഞ അന്തരീക്ഷവും അവധി ദിനവുമായതിനാല്‍ തീരം നിറയെ സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞത്. ദുര്‍ഗന്ധം രൂക്ഷമായതോടെ സഞ്ചാരികള്‍ സ്ഥലം വിട്ടു. വേലിയിറക്ക സമയത്ത് തീരത്തടിഞ്ഞ് കൂടിയ മീനുകള്‍ രാത്രിയിലുണ്ടാകുന്ന വേലിയേറ്റത്തിലെ തിരയടിയില്‍പ്പെട്ട് കൂടുതല്‍ കരയിലേക്ക് അടിഞ്ഞ് കയറാനും സാധ്യതയുള്ളതായും സാധരണയായി മണ്‍സൂണ്‍ കാലത്ത് ഇത്തരം മത്സ്യങ്ങള്‍ ചത്ത് കരയിലെത്താറുണ്ടെങ്കിലും ഇത്രത്തോളം കൂട്ടമായി കരയ്ക്കടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.

വിഷമുള്ള യേവ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇനമാണ്. കടല്‍ തട്ടിലെ സസ്യങ്ങള്‍ക്ക് നാശം സംഭവിച്ച് ഓക്‌സിജന്റെ കുറവ് കാരണമോ, കടല്‍ക്കറയോ ആകാം കടല്‍ മാക്രികള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയാന്‍ കാരണമെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്ര അധികൃതര്‍ പറഞ്ഞു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വയര്‍ വീര്‍പ്പിച്ച് തന്ത്രം കാണിക്കുന്ന കടല്‍ മാക്രികള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ശല്യം സൃഷ്ടിക്കുന്നവയാണ്. കൂട്ടമായി സഞ്ചരിക്കുന്ന ഇവ മത്സ്യബന്ധന വലയില്‍ കുടുങ്ങുന്ന മീനുകളെ തിന്ന് തീര്‍ക്കുന്നത് പതിവാണ്.

Related Articles

Latest Articles