Sunday, June 16, 2024
spot_img

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ് നടപടി. അതേസമയം പ്രതി 25 വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തിനെതിരെ നിനോ മാത്യുവിന്റെ കാമുകിയും കേസിലെ മറ്റൊരു പ്രതിയുമായ അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

2014 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക ലക്ഷ്യത്തോടെ നിനോ മാത്യു അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Articles

Latest Articles