Monday, June 17, 2024
spot_img

ആളിപ്പടർന്ന് ബാർ കോഴ ആരോപണം !അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം ആളിപ്പടർന്നത്. വിവാദത്തിൽ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉന്നയിച്ചിരുന്നു.

ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

“മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലും ഇത്തരത്തിലൊരു നടപടി വെച്ചുപൊറുപ്പിക്കില്ല. മദ്യനയം സര്‍ക്കാരാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ ചര്‍ച്ച നടക്കുന്നതിനു മുമ്പു തന്നെ മാധ്യമങ്ങളില്‍ പലതരത്തില്‍ ചര്‍ച്ചകല്‍ വരുന്നുണ്ട്. അതിന്റെ മറവില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ശബ്ദരേഖ കലാപരിപാടികള്‍ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണല്ലോ. ബാക്കി കാര്യങ്ങള്‍ നോക്കട്ടെ.

സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരം തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ല. ആരായിരുന്നാലും അതിനെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചര്‍ച്ച നടക്കേണ്ടതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളുടെ ഉറവിടം എന്താണെന്ന് അറിയില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നത് ഗൗരവമായി സര്‍ക്കാര്‍ കാണുന്നു. അതിനെ ശക്തമായി നേരിടും.”- എം ബി രാജേഷ് പറഞ്ഞു.

Related Articles

Latest Articles