തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹചടങ്ങിനിടയിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. ജാസിംഖാൻ എന്നയാളാണ് വിഷ്ണുവിനെ കുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഏഴരയോടെയാണ് അക്രമം നടന്നത്. തിരുവനന്തപുരം മംഗലപുരത്ത് സ്വർണവ്യാപാരിയെ അക്രമിച്ച് സ്വർണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിംഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
കല്ല്യാണ വീട്ടിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെ ജാസിംഖാൻ വിഷ്ണുവിന്റെ മുതുകിൽ കുത്തുകയായിരുന്നു. ജാസിംഖാന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് വിവരം.

