ജൊഹാനാസ്ബർഗ്: പ്രശസ്ത ഹോളിവുഡ് നടനും കാലിഫോർണിയയുടെ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നഗർക്കുനേരെ ആക്രമണം. ദക്ഷിണാഫ്രിക്കയിൽ ക്ലാസിക് ആഫ്രിക്ക കായിക മേളക്ക് എത്തിയതായിരുന്നു അർണോൾഡ്. പരിപാടിയിൽ ആരാധകരുമായി സംവദിക്കവെ പിന്നിൽനിന്നുവന്ന യുവാവ് അർണോൾഡിനെ ശക്തിയായി തൊഴിക്കുകയായിരുന്നു.
തൊഴികൊണ്ട ഷ്വാസ്നഗർ മുന്നോട്ട് ആയുകയും അക്രമി തറയിൽ വീഴുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി അക്രമിയെ കീഴ്പ്പെടുത്തി സംഭവസ്ഥലത്തുനിന്ന് മാറ്റി. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.
സംഭവശേഷം തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് സൂചിപ്പിച്ച് ഷ്വാസ്നഗർ ട്വീറ്റ് ചെയ്തു. ആരാധകരുടെ ഉത്കണ്ഠയ്ക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. ആളുകളുടെ തിക്കിത്തിരക്കിൽ പെട്ടുപോയതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ഇതിന്റെ വീഡിയോ കണ്ടപ്പോഴാണ് മർദനം ഏറ്റതായി മനസിലായത്. തന്റെ സംവാദ പരിപാടി അലങ്കോലമാകാതിരുന്നതിൽ സന്തോഷമുണ്ടെന്നും ഷ്വാസ്നഗർ ട്വീറ്ററിൽ കുറിച്ചു.

