തിരുവനന്തപുരം- വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പരാതി ചിത്രീകരിക്കാൻ എത്തിയ 24-വാർത്താ സംഘത്തെ ആക്രമിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് മാനേജ്മെന്‍റാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. റിപ്പോർട്ടർ ആതിര പത്മനാഭൻ,ക്യാമറാമാൻ അരുൺ എസ് ആർ, ഡ്രൈവർ അഭിലാഷ് എന്നിവരെയാണ് ആക്രമിച്ചത്. ക്യാമറ തല്ലി തകർക്കാനും ശ്രമിച്ചു. അക്രമം മൊബൈലിൽ ചിത്രീകരിച്ച ആര്യ അനില എന്ന വിദ്യാർത്ഥിനിക്കു നേരെയും കൈയ്യേറ്റം ഉണ്ടായി. വാർത്ത ജനങ്ങളെ അറിയിക്കുക എന്ന മാധ്യമ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് തടസ്സം നിൽക്കുകയും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഉപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്ത എസ് ആർ മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് നടപടിയിൽ യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

