Tuesday, November 17, 2026

യൂറോപ്പിൽ ജൂത കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുന്നു! ആംസ്റ്റർഡാമിലെ ജൂത സ്‌കൂളിൽ ഉഗ്രസ്ഫോടനം ;ആസൂത്രിത ആക്രമണമെന്ന് അധികൃതർ

ആംസ്റ്റർഡാം :നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിന് നേരെ ഇന്ന് പുലർച്ചെ നടന്ന ബോംബാക്രമണം സമൂഹത്തിന് നേരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് നഗരസഭാ മേയർ ഫെംകെ ഹൽസെമ . നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള പ്രമുഖ ജൂത വിദ്യാലയത്തിലാണ് സ്ഫോടനമുണ്ടായത്. പുലർച്ചെ നടന്ന സംഭവമായതിനാൽ വലിയ ദുരന്തം ഒഴിവായി. സ്ഫോടനത്തിൽ സ്‌കൂളിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതിന് പിന്നാലെ യൂറോപ്പിലുടനീളം ജൂത കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രി റോട്ടർഡാമിലെ സിനഗോഗിന് നേരെ തീവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ആംസ്റ്റർഡാമിൽ സ്ഫോടനമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച അയൽരാജ്യമായ ബെൽജിയത്തിലെ ലീജ് നഗരത്തിലുള്ള സിനഗോഗിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായിരുന്നു.

ജൂത സമൂഹത്തിന് നേരെയുള്ള ഭീരുത്വപരമായ നീക്കമാണിതെന്നും ആംസ്റ്റർഡാമിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മേയർ പ്രസ്താവനയിൽ പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ആഗോളതലത്തിൽ ജൂത-മുസ്‌ലിം വിദ്വേഷം വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് യൂറോപ്യൻ സുരക്ഷാ ഏജൻസികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles