Thursday, May 16, 2024
spot_img

അട്ടപ്പാടി മധുവധക്കേസ്: കൂറുമാറ്റ പരമ്പര തുടരുന്നു; മൊഴിമാറ്റി പറഞ്ഞ് ഇരുപത്തിയൊന്നാം സാക്ഷിയും; ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനൊന്നായി; പ്രോസിക്യൂഷൻ ആശങ്കയിൽ

പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇരുപത്തിയൊന്നാം സാക്ഷികൂടി കൂറുമാറി. വീരൻ ആണ് മൊഴിമാറ്റി പറഞ്ഞത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ ദിവസം ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യൻ കൂറുമാറിയിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ നിഗമനം.

അതേസമയം, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മണ്ണാർക്കാട് മുൻസിഫ് കോടതി നിർദേശ പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻവ്യക്തമാക്കി. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.

Related Articles

Latest Articles