തീവണ്ടികളിൽ തുടർച്ചയായുണ്ടാകുന്ന തീപ്പിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി ശ്രമങ്ങളുണ്ടെന്ന സംശയവുമായി ഇന്ത്യൻ റെയിൽവേ. സമീപകാലത്തുണ്ടായ പല സംഭവങ്ങളിലും സാമൂഹ്യവിരുദ്ധരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കാനും റെയിൽവേ സംവിധാനത്തിൽ ഭീതിയും അരാജകത്വവും സൃഷ്ടിക്കാനും ചിലർ ബോധപൂർവം ശ്രമിക്കുന്നതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഹൗറയിൽ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസിന്റെ കോച്ചിലുണ്ടായ തീപ്പിടിത്തമാണ് അട്ടിമറി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നത്. ഇവിടെ കോച്ചിന്റെ ശുചിമുറിയിൽ നിന്ന് പെട്രോളിൽ മുക്കിയ നിലയിൽ പകുതി കത്തിയ തുണിക്കഷണം റെയിൽവേ അധികൃതർ കണ്ടെടുത്തു. റെയിൽവേ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം തീ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിൽ നടന്ന നാല് തീപ്പിടിത്തങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ സംരക്ഷണസേനയും (RPF) മറ്റ് സുരക്ഷാ ഏജൻസികളും ഈ സംഭവങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമർപുരയിൽ കിടക്കകൾക്കും മറ്റ് വസ്തുക്കൾക്കും തീയിട്ടതായാണ് റിപ്പോർട്ട്. കോട്ടയിൽ രാജധാനി എക്സ്പ്രസിന്റെ വാഷ്റൂം ഭാഗത്ത് തീ പടരുകയായിരുന്നു. സസാരത്താകട്ടെ, തിരിച്ചറിയാത്ത ഒരാൾ ഉപയോഗിക്കാത്ത കോച്ചിലേക്ക് കത്തുന്ന വസ്തു എറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
മധ്യപ്രദേശിലെ രത്ലം സ്റ്റേഷനിൽ ഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിൽ വലിയ തീപ്പിടിത്തമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവേയുടെ ഈ നിർണായക പ്രസ്താവന വരുന്നത്. രത്ലം അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അഭ്യർഥിച്ചു. ട്രെയിനുകളിലോ സ്റ്റേഷനിലോ എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ൽ വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

