ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം ലക്നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. 6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയില്‍ നിന്ന് പുറപ്പെട്ടത്. മിന്നലേറ്റതിനെ തുടര്‍ന്ന് വൈകുന്നേരം 4:05-ഓടെ വിമാനം ലക്നൗവില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
നിശ്ചയിച്ച സമയത്തേക്കാള്‍ 8 മിനിറ്റ് മുന്‍പായിരുന്നു ലാന്‍ഡിങ്. ലക്നൗവിലേക്ക് അടുക്കുമ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. 104 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഈ വിമാനമാണ് ലക്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഇന്റര്‍ഗോ കമ്പനി യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഉടന്‍ തന്നെ സജ്ജീകരിച്ചു.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷവും റെഗുലേറ്ററി അംഗീകാരം ലഭിച്ച ശേഷവും മാത്രമേ ഈ വിമാനത്തിന് ഇനി സര്‍വീസ് നടത്താന്‍ അനുമതി നല്‍കൂ. നേരത്തെ ജൂണ്‍ 19-ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. അഗര്‍ത്തലയിലേക്ക് പോകേണ്ടിയിരുന്ന ആ വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തിന് അന്ന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

