Monday, June 17, 2024
spot_img

‘കോവിഡ് ചട്ടം ലംഘിച്ചു; വോക്കി ടോക്കി കൈവശംവച്ചു’; ഓങ് സാൻ സൂ ചിക്ക് 4 വർഷം കൂടി തടവ് ശിക്ഷ വിധിച്ച് പട്ടാള ഭരണകൂടം

നെയ്പീഡോ: മ്യാൻമറിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്ക് വീണ്ടും 4 വർഷം കൂടി തടവ് ശിക്ഷ വിധിച്ച് പട്ടാള ഭരണകൂടം.

കോവിഡ് ചട്ടം ലംഘിച്ചു, വോക്കി ടോക്കി ഇറക്കുമതി ചെയ്തു ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഭരണകൂടം തടവുശിക്ഷ വിധിച്ചത്.

ഓങ് സാൻ സൂ ചിക്കെതിരെ മൂന്ന് കേസുകളിലായാണ് നാല് വർഷത്തെ തടവുശിക്ഷ. വോക്കി ടോക്കി കൈവശം വച്ചതിന് രണ്ടുവർഷവും കോവിഡ് ചട്ടം ലംഘിച്ചതിന് രണ്ടുവർഷവും ശിക്ഷ അനുഭവിക്കണം. മ്യാൻമറിലെ പട്ടാള ഭരണകൂടം ഓങ് സാൻ സൂ ചിക്ക് എതിരെ 11 കേസുകളാണ് എടുത്തിട്ടുള്ളത്.

എന്നാൽ കോവിഡ് ചട്ടം ലംഘിച്ചു, തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി, ലൈസൻസില്ലാത്ത വോക്കി ടോക്കി ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നു വ്യാപക വിമർശനം ഉയ‍ർന്നുവെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മർദങ്ങളെ അവഗണിച്ച് പട്ടാളം വിചാരണയുമായി മുന്നോട്ടു പോകുകയാണ്.

കൂടാതെ അടുത്ത തിരഞ്ഞെടുപ്പിൽനിന്നു സൂ ചിയെ മാറ്റിനിർത്തുകയാണു ഉദ്ദേശ്യം. കേസിൽ ജയിൽശിക്ഷ അനുഭവിച്ചാൽ സർക്കാരിലെ ഉന്നതപദവികൾ വഹിക്കാനോ പാർലമെന്റ് അംഗമാകാനോ ഭരണഘടനാ ചട്ടം അനുവദിക്കുന്നില്ല.

അതേസമയം കഴിഞ്ഞ നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൂ ചി നയിക്കുന്ന പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും പട്ടാള അനുകൂല കക്ഷികൾ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ വൻ കൃത്രിമം നടന്നുവെന്നാരോപിച്ചു പട്ടാളം രംഗത്തുവന്നെങ്കിലും തിര‍ഞ്ഞെടുപ്പു കമ്മിഷൻ അതു തള്ളി.

ഇതിനു പിന്നാലെ സൂ ചി അടക്കം നേതാക്കളെ പട്ടാളം തടവിലാക്കി. തുടർന്ന് പട്ടാള നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഫെയ്സ്ബുക് പേജിലൂടെ സൂ ചി നടത്തിയ ആഹ്വാനമാണ് അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കേസിന് കാരണമായത്. കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പു കാലത്തു നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണു കോവിഡ് ചട്ടം ലംഘിച്ചെന്ന കേസുകൾസൂ ചിക്കെതിരെ ഉള്ളത്.

Related Articles

Latest Articles