Wednesday, January 7, 2026

ആത്മകഥാ വിവാദം !കേസെടുക്കാൻ നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം : ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ കേസെടുക്കാന്‍ നിർദ്ദേശം നല്‍കി ക്രമസമാധാന ചുമതലയുള്ള എഡിജിപി. കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തും. നേരത്തെ സമർപ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.

ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നെന്നായിരുന്നു കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ എഡിജിപി കോട്ടയം എസ്പിക്ക് നല്‍കിയിരിക്കുന്നത്.

ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles