Tuesday, October 6, 2026

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം! ഇവന്‍റ് മാനേജ്മെന്‍റ് ഉടമ കസ്റ്റഡിയിൽ

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാർ കസ്റ്റഡിയിൽ .സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും

അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദഗവിഷൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

അതേസമയം കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് രംഗത്ത് വന്നിരുന്നു.സംഘാടകർ കൃത്യമായ വിവരം നൽകാതെ കബിളിപ്പിച്ചുവെന്നുംരജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
സർക്കാർ പരിപാടി ആണെന്നാണ് കരുതിയതെന്നും പ്രശ്നങ്ങൾക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും നൽകിയിട്ടില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

Related Articles

Latest Articles