Friday, May 17, 2024
spot_img

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ !കോൺഗ്രസിൻ്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ; സംസ്ഥാന തലത്തിൽ തമ്മിലടിക്കുന്നവർ ദേശീയ തലത്തിൽ കൈപിടിക്കുമ്പോൾ വീണ്ടും വിഡ്ഢികളായി ജനം

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് നിലപാട് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൻ്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. എല്ലാവരോടുള്ള പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും നിലപാട് ഒരുപോലെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ പറഞ്ഞു .

“അസുഖമാണെന്ന് പറഞ്ഞ് രാഹുൽ കോടതിയിൽ പോയപ്പോൾ കോടതിയാണ് അത് ശരിയല്ലെന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞു. നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുന്നവർക്ക് ആർജവം വേണം. എല്ലാവരോടും പോലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെ തന്നെയാണ്. അതിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നില്ല. മുത്തങ്ങ കേസിന്റെ സമയത്ത് എംഎൽഎയായ എന്റെ കൈ അടിച്ചൊടിച്ചതാണ്.

രാമക്ഷേത്രവിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണ്. കോൺഗ്രസിൻ്റെ നിലപാട് മാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണ്. I.N.D.I മുന്നണിക്ക് ഒരു പടി മുന്നോട്ട് പോകാൻ കഴിഞ്ഞു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോദ്ധ്യയിൽ പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നത്. ഈശ്വര നിന്ദയല്ല. അമ്പലത്തിലും പള്ളിയിലും പോകാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ് സിപിഎമ്മിന് പ്രധാനം” – എം.വി. ഗോവിന്ദൻ പറഞ്ഞു.

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് സ്ഥിരീകരണമുണ്ടായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്.

I.N.D.I.A മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതെ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ചടങ്ങിൽ പങ്കെടുക്കണെമെന്ന ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ കർണ്ണാടക സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. നാമെല്ലാം ഹിന്ദുക്കളാണെന്നും അയോദ്ധ്യയിൽ പോയാൽ എന്താണ് കുഴപ്പമെന്നുമാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചത്.

Related Articles

Latest Articles