Friday, September 25, 2026

അയോദ്ധ്യ രാമക്ഷേത്ര ചുവരിന് അഴക് പകർന്ന് പിങ്ക് കല്ലുകൾ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം അതിവേഗത്തിൽ. നിലവിൽ ക്ഷേത്രത്തിന്റെ ചുമർ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനോടകം തന്നെ 75,000 ചതുരശ്ര അടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാനിലെ ബൻസി പഹാർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ ചുവർ നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ മുഴുവൻ ഭാഗവും പൂർത്തികരിക്കാൻ ഏകദേശം നാലര ലക്ഷം കല്ലുകൾ വേണമെന്നാണ് വിലയിരുത്തൽ. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

‘അടിത്തറയുടെ നിർമ്മാണം ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതോടെ സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. രാജസ്ഥാൻ ബൻസി പഹാർപൂർ കല്ലിൽ ആയിരിക്കും സൂപ്പർ സ്ട്രക്ചർ കൊത്തിയെടുക്കുക. കൊത്തുപണി തുടങ്ങിക്കഴിഞ്ഞു. ഇതുവരെ 75,000 സ്ക്വയർ ഫീറ്റ് കൊത്തുപണി പൂർത്തിയായി. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണത്തിനായി ആകെ വേണ്ടത്. ഏകദേശം 17,000 കല്ലുകൾ സ്തംഭത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നല്ല നിലവാരമുള്ള കരിങ്കല്ല് വാങ്ങിയിട്ടുണ്ട്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും റെയിൽവേ മന്ത്രാലയവും അയോധ്യയിലേക്ക് ഗ്രാനൈറ്റ് വേഗത്തിൽ നീക്കാൻ പൂർണ പിന്തുണ നൽകി’- ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ സ്തംഭപാദത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. ഓഗസ്‌റ്റോടെ ഇത് പൂർത്തിയാകും. 17,000 ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് സ്തംഭപാദം നിർമ്മിക്കുന്നത്. ഗ്രാനൈറ്റ്കല്ലുകളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

അടുത്ത മാസം ഒന്നു മുതൽ ക്ഷേത്രത്തിന്റെ താഴ്ഭാഗത്തുള്ള സ്തംഭപാദത്തിന്റെ നിർമ്മാണത്തിന് തുടക്കമാകും. നിരവധി നിർമ്മാണ കമ്പനികളുമായി ആലോചിച്ച ശേഷമാണ് തട്ടുകളുള്ള സ്തംഭപാദത്തിന്റെ രൂപരേഖ അംഗീകരിച്ചത്. സിമന്റ്, ഗ്രാനൈറ്റ്, മിർസാപൂരിൽ നിന്നുള്ള പ്രത്യേക കല്ലുകൾ എന്നിവ കൊണ്ടാണ് ഈ ഭാഗം നിർമ്മിക്കുക.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒന്നംഘട്ട നിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി എന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് ക്ഷേത്ര ടെസ്റ്റ് അറിയിച്ചിട്ടുണ്ട്.

2020 ഓഗസ്‌ററ് അഞ്ചിനാണ് രാമ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ശ്രീ കോവിലിന്റെ നിർമ്മാണം 2023 ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു.

മൂന്ന് നിലയയാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിന്റെ അടിത്തറയുടെ ബലം ഉറപ്പാക്കാന്‍ 47 ആട്ടി കോണ്‍ക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിര്‍മാണ ചുമതല വഹിക്കുന്നവര്‍ വ്യക്തമാക്കി. ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത അറിയിച്ചു. ഒരടി ഉയരത്തിലാണ് ഓരോ കോണ്‍ക്രീറ്റ് അടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 161 അടി ഉയരത്തിലാണ് രാമ ക്ഷേത്രം നിര്‍മിക്കുന്നത്. 360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

Related Articles

Latest Articles