Friday, March 29, 2024
spot_img

സ്വര്‍ണപ്രഭയില്‍ ഇന്ന് അയോദ്ധ്യ മുങ്ങും; സരയൂ നദിക്കരയിൽ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്

അയോദ്ധ്യ: ഇന്ന് അയോദ്ധ്യാ നഗരം സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ ഇന്ന് തെളിയുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച്‌ ദീപം തെളിയിക്കുമ്പോള്‍ ആ ചടങ്ങും ആഗോള തലത്തില്‍ ശ്രദ്ധനേടും. നദിക്കരയിലും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളിലും അരമണിക്കൂറിനുള്ളില്‍ അവര്‍ 15 ലക്ഷം ദീപം ക്ഷേത്ര പരിസരത്തും മൂന്ന് ലക്ഷം പല സ്ഥങ്ങളിലുമായും തെളിയിക്കുന്നതോടെ ഇന്നത്തെ ചടങ്ങ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. 22,000 സന്നദ്ധപ്രവര്‍ത്തകരാണ് ദീപങ്ങള്‍ തെളിയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 2017 മുതലാണ് വിപുലമായ ദീപക്കാഴ്ച ആരംഭിച്ചത്.

രാം കി പൗഡിയെന്ന സരയൂ നദിക്കര രംഗോലികളാല്‍ അതിമനോഹരമാക്കിയിട്ടിട്ടുണ്ട്. അവിടെ കുത്തുകളിട്ട് രണ്ടും മൂന്നും അടി അകലത്തില്‍ ചതുരങ്ങള്‍ തീര്‍ത്താണ് അതിന്മേല്‍ ചിരാതുകള്‍ വെച്ചിരിക്കുന്നത്. ഒരാള്‍ 256 ദീപങ്ങളാണ് കത്തിക്കേണ്ടത്. നിരവധി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും സന്നദ്ധസേവനത്തിനെത്തിയിട്ടുണ്ട്. ദീപക്കാഴ്ചയ്ക്കൊപ്പം ഹരിദ്വാറിലെ ഗംഗാ ആരതിയ്ക്ക് സമാനമായ സരയൂ ആരതിയും നടക്കുമെന്ന് ശ്രീരാമക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചു.

ലക്ഷക്കണക്കിന് ജനങ്ങള്‍ സാക്ഷിയാകുന്ന ചടങ്ങില്‍ ലേസര്‍ ഷോകളും സംഘാടകര്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സന്നിഹിതനാകുന്ന ചടങ്ങില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കലാപരിപാടികളും നടക്കുന്നുണ്ട്.

Related Articles

Latest Articles