Monday, April 29, 2024
spot_img

ആന്ധ്രയില്‍ പടക്കക്കടയ്ക്ക് തീപ്പിടിച്ച്‌ സ്ഫോടനം; സംഭവം വാനില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുന്നതിനിടയിൽ

അമരാവതി: വിജയവാഡയില്‍ പടക്കക്കടയ്ക്ക് തീപ്പിടിച്ച്‌ രണ്ട് മരണം. ഇന്ന് രാവിലെയാണ് ഗാന്ധിനഗര്‍ ലോക്കലിലെ ജിംഖാന ഗ്രൗണ്ടിലാണ് സംഭവം നടന്നത്. വിജയവാഡ സ്വദേശി കാസി, പിഡുഗുരല്ല സ്വദേശി സാംബ എന്നിവരാണ് മരിച്ചത്. ദീപാവലിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കടകളില്‍ ഒന്നിലാണ് തീപ്പിടിത്തവും സ്ഫോടനവും ഉണ്ടായത്.

വാനില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ്അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വലിയ ശബ്ദത്തോടെ പടക്കങ്ങള്‍ പൊട്ടുന്നതിന്‍റെയും സ്ഫോടനം നടക്കുന്നതിന്റേയും കടയില്‍ വ്യാപകമായി തീപടര്‍ന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കടയ്ക്ക് സുരക്ഷാ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാടന്‍ പടക്കങ്ങളാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ടെന്നും യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയവാഡ പൊലീസ് കമീഷണര്‍ കാന്തി റാണ പറഞ്ഞു.

തീപ്പിടിത്തം ഉണ്ടായപ്പോള്‍ കാസിയും സാംബയും കടയ്ക്കകത്ത് ഉറങ്ങുകയായിരുന്നു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന 19 കടകളില്‍ മൂന്നെണ്ണം മുഴുവനായി കത്തിനശിച്ചു. തീപ്പിടുത്തമുണ്ടായ ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കടകള്‍ തമ്മില്‍ നിശ്ചിത ദൂരമുണ്ടായിരുന്നു. അതിനാല്‍ തീപ്പിടിത്തം കൂടുതല്‍ കടകളിലേക്ക് വ്യാപിച്ചില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ഉദ്യോ​ഗസ്ഥന്‍ മാനേജരോ ഉടമയോ ഉത്തരവാദികളാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles