പത്തനംതിട്ട: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ വയോ വന്ദന യോജനയിലൂടെ ആറന്മുള മണ്ഡലത്തിലെ മുഴുവൻ വയോജനങ്ങളെയും സംരക്ഷിക്കുമെന്ന് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർ, കടപ്ര എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്തനംതിട്ട ജില്ലയിലെ എഴുപതു ശതമാനത്തോളം വീടുകളിലും വയോജനങ്ങൾ ഒറ്റയ്ക്കാണ് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ മൂലം യുവാക്കൾ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറുന്നത് ജില്ലയെ പ്രതിസന്ധിയിലാക്കുന്നു. വാർധക്യകാലത്ത് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള ഇവർക്ക് സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവ് താങ്ങാനാവുന്നില്ല. ഇതിനൊരു പരിഹാരമായാണ് പ്രധാനമന്ത്രി ആയുഷ്മാൻ വയോ വന്ദന യോജന നടപ്പിലാക്കുന്നത്.
70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ തികച്ചും സൗജന്യം.സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ വയോജനങ്ങൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഗുണഭോക്താക്കൾ യാതൊരു വിധത്തിലുള്ള പ്രീമിയം തുകയും അടയ്ക്കേണ്ടതില്ല.രോഗനിർണയം മുതൽ ശസ്ത്രക്രിയ വരെയുള്ള എല്ലാ ചെലവുകളും ഇൻഷുറൻസ് പരിധിയിൽ വരും.മറ്റു സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമ്പോഴും കേരള സർക്കാർ ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

