Thursday, April 25, 2024
spot_img

അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ കീർത്തനം നൂറാം വർഷത്തിലേക്ക്; ശതാബ്ദി ആഘോഷ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

 

ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായി വിശ്വഖ്യാതി നേടിയ ‘ഹരിവരാസനം ‘ എന്ന ഭക്തി സാന്ദ്രമായ ഭഗവൽകീർത്തനം രചിച്ചിട്ട് നൂറാം വർഷത്തിലേക്ക് കടക്കുന്നു. 1923-ൽ അയ്യപ്പഭക്തയായ കോന്നകത്തമ്മ എന്ന കോന്നകത്ത് ജാനകി അമ്മ രചിച്ച് ഭഗവൽ സന്നിധിയിൽ കാണിക്കയായി സമർപ്പിച്ച കീർത്തനമാണ് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ദിവ്യ കീർത്തനം.

ശബരിമല അയ്യപ്പസേവാസമാജം 2022 – 2023-ൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബൃഹദ് സംരംഭമായ ‘ഹരിവരാസനം ശതാബ്ദി ‘ ആഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ഭക്ത വിശ്വാസികളേയും ഉൾപ്പെടുത്തി തുടങ്ങുന്ന ഉദ്യമത്തിൻ്റെ സ്വാഗത സംഘം രൂപീകരണ ഭാഗമായി ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നും പ്രമുഖർ നേതൃത്വം നൽകുന്നു.

ചെന്നൈയിൽ നിന്ന് ചലച്ചിത്ര സംവിധായകനും നടനും മായ ഭാഗ്യരാജ് ഉൾപ്പെടെ സംഗീത സംവിധായകൻ ഇളയരാജ, ചലച്ചിത്ര നിർമ്മാതാവ് രാംകുമാർ ശിവാജി, സംവിധായകനും നിർമ്മാതാവും നടനുമായ പി.വാസു, തുടങ്ങിയ മഹത് വ്യക്തികളെ നേരിൽ കണ്ട് ക്ഷണിച്ച് പ്രവർത്തനങ്ങൾ ശബരിമല അയ്യപ്പസേവാ സമാജം തുടങ്ങി കഴിഞ്ഞു. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, ദേശീയ ട്രഷറർ. വിനോദ്, പത്മകുമാർ, ചെന്നൈ ഓർഗനൈസർ അഡ്വ.രാജേന്ദ്രൻ, രവിചന്ദ്ര ശർമ്മാ എന്നിവർ പങ്കെടുക്കുകയുണ്ടായി. കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമികളുടെ അനുഗ്രഹത്തോടെ ചെന്നൈയിൽ ഹരിവരാസനം ശതാബ്ദി ആഘോഷ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു

എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് ഉടുക്കു കൊട്ടി പാടുന്ന ഹരിവരാസനം ഭഗവാന്റെ ഉറക്ക് പാട്ടാണ്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരി കര്‍മ്മികള്‍ നട ഇറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നില വിളക്കും അണച്ച് മേല്‍ ശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപ ഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഹരി വരാസനത്തില്‍ ആദിതാളത്തില്‍ മധ്യമാവതിരാഗത്തില്‍ ചിട്ടപ്പെടുത്തപ്പെട്ട എട്ട് പാദങ്ങളാണ് ഉള്ളത്.

കമ്പക്കുടി കുളത്തൂര്‍ സുന്ദരേശ അയ്യരാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. മണികണ്ഠനെന്ന അയ്യപ്പന്‍, കമ്പക്കുടി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി ഐതീഹ്യമുണ്ട്. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. പന്തളത്ത് നിന്നും പുലി പാലിന് പോയ അയ്യപ്പന്‍ വിശന്നു വലഞ്ഞ് കാട്ടിനുള്ളില്‍ കണ്ട ഒരു ചെറുകുടിലില്‍ കയറി ചെന്നു. അവിടെ ഉണ്ടായിരുന്ന വയസ്സായ പാട്ടി കമ്പ് എന്ന ധാന്യം അരച്ച് കഞ്ഞി കുടിക്കാന്‍ കൊടുത്തു. വിശന്നു വന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നല്‍കിയ കുടുംബം മേലില്‍ കമ്പക്കുടി എന്നറിയപ്പെടുമെന്ന് സ്വാമി അരുള്‍ ചെയ്തുവത്രേ. വിമോചനാനന്ദ സ്വാമികളായി മാറിയ കൃഷ്ണന്‍ നായര്‍ അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു.

കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളില്‍ ഫോട്ടോ വച്ച് പൂജിക്കുന്നുണ്ട്. ഹരിവരാസന കീര്‍ത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. വിമോചനാനന്ദ 1955ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുന്നത്. വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസന കീര്‍ത്തനം അയ്യപ്പന്റെ ഉറക്ക് പാട്ടായി അംഗീകരിക്കപ്പെട്ടു.

അതേസമയം ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് 1923ല്‍ ഹരിവരാസന കീര്‍ത്തനം രചിച്ചത് എന്ന അവകാശ വാദവുമായി 2007ല്‍ അവരുടെ ചെറു മകന്‍ എത്തുകയുണ്ടായി. 1930 മുതല്‍ തന്നെ ഭജന സംഘക്കാര്‍ ഈ പാട്ട് പാടി മലകയറിയിരുന്നെന്നും അവകാശപ്പെടുന്നു. വിമോചാനന്ദയാണ് ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിന് ഇത് വിരുദ്ധമാണ്. 1940കളില്‍ ശബരിമല വലിയ കാടായിരുന്നു, ഭക്തര്‍ തീരെ കുറവും. ആലപ്പുഴക്കാരനായ വീ ആര്‍ ഗോപാല മേനോന്‍ എന്നൊരു ഭക്തന്‍ ശബരിമലയില്‍ ചെറിയൊരു കുടില്‍ കെട്ടി താമസിച്ചിരുന്നു.

അന്ന് ശബരിമല മേല്‍ ശാന്തിയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോന്‍ ആയിരുന്നു. മേനോന്‍ ദിവസവും ദീപാരാധനയ്ക്ക് ഹരിവരാസനം പാടിയിരുന്നു. ദേവസ്വം ബോര്‍ഡ് ശബരിമല ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കി. വണ്ടി പെരിയാറിലെ മൗണ്ട് എസ്റ്റേറ്റില്‍ അനാഥനായി മേനോന്‍ മരണമടഞ്ഞു. സുഹൃത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ മേല്‍ശാന്തി അന്ന് നടയടക്കും മുമ്പ് മേനോനെ അനുസ്മരിച്ച് ഹരിവരാസനം ആലാപിച്ചു. അങ്ങിനെ അതൊരു പതിവായി എന്നും കേള്‍ക്കുന്നുണ്ട്.

Related Articles

Latest Articles