Saturday, May 11, 2024
spot_img

മലമ്പുഴയിലെ പാറയിടുക്കിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വീട്ടിലേയ്ക്ക്; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

പാലക്കാട്: ചെറാട് മലയില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു(Babu Discharged From Hospital).
യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏറെ ആശ്വാസമുണ്ടെന്നും ബാബു ഇന്നലെ മെഡിക്കൽ സംഘത്തിനോട് പറഞ്ഞിരുന്നു. ശരീരത്തിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

രണ്ട് ദിവസത്തോളം മലയിടുക്കിൽ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ബാബുവിനെതിരെ കേസെടുക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട് പിൻവലിച്ചിരുന്നു. അതേസമയം ബാബുവിന് നേരത്തെയുള്ള ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎംഒയും മറ്റു ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

അതേസമയം പാറയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊർജസ്വലനായിരുന്ന ബാബു, വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇന്നലെ ബാബു അറിയിച്ചിരുന്നു. നേരത്തെ ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് ബാബുവിന്റെ ഉമ്മ നന്ദി പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു.

Related Articles

Latest Articles