Monday, May 20, 2024
spot_img

അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം; വാവസുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ല

കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടന്ന് റിപ്പോർട്ട്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി.

സിപിആർ നൽകിയത് ഗുണമായി. അടുത്ത 5 മണിക്കൂർ നിർണായകമാണ്. അതിനു ശേഷമേ തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നതെന്നും വാസവൻ വ്യക്തമാക്കി. തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ നിര്‍ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് സംഭവം.

Related Articles

Latest Articles