Monday, May 13, 2024
spot_img

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി, ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിക്കുകയായിരുന്നു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജിയിൽ വിധി പറഞ്ഞത്. കൂടാതെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈ മാസം 31 ന് ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പ്രതികളുടെ വാദം. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെനന്നായിരുന്നു ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ നേരത്തെ തന്നെ വിചാരണ പൂര്‍ത്തിയാക്കിയവരാണ്. ഇവർ വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്ന ആരോപണവും ഉന്നയിച്ചിരുന്നു. കേസിൽ നടിയെ ആക്രമിച്ച ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.

Related Articles

Latest Articles