തിരുവനന്തപുരം: റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ എന്നിവരുള്‍പ്പെടെയുള്ള 9 പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ആകെ 11 പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ 9 പേരുടെ ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
പ്രതികൾ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയിൽ വാദിച്ചു. കേസിൽ ഇഡിയും കക്ഷി ചേർന്നിരുന്നു.
അതേസമയം, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നും അന്വേഷണം പൂർത്തിയായതായും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അവസാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടത്. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മെയ് 27-നാണ് തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതായി കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. നേരത്തെ തിരുവനന്തപുരം കോടതികൾ ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ആ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി സിപിഐഎം പ്രവർത്തകൻ നിതിൻ രാജാണ്.

