Sunday, May 19, 2024
spot_img

എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്‍പന; ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകളെന്ന് റിപ്പോർട്ട്

തൃശൂര്‍: എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്‍പന… സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള ‍ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകളെന്ന് റിപ്പോർട്ട്. 3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്.

പിടിക്കപ്പെടാന്‍ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോള്‍ അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..’ എന്നാണ്.

അര്‍ജുന്‍ എന്‍ജിനീയറിങ് പഠനകാലത്താണ് എടിഎം കവര്‍ച്ചാ കേസില്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പ‌ാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. തട്ടിക്കപ്പെട്ട വ്യവസായികള്‍ പരാതി നല്‍കാന്‍ വിമുഖത കാട്ടിയതു മൂലം ഇവര്‍ കേസുകളില്‍പ്പെട്ടില്ല. ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച്‌ സമീപിച്ചാണ് പൊലീസ് അര്‍ജുനെ കുടുക്കുന്നത്.

കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അര്‍ജുന്റെയും സംഘത്തിന്റെയും രീതി. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്.

Related Articles

Latest Articles