കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണം വൈകുന്നുവെന്ന് പരാതി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും.
ബാലചന്ദ്രകുമാറിന്റെ മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും എന്നിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി.
പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുകയും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.

