Friday, January 9, 2026

വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബിജു രമേശ്; ബാറുടമകൾ പിരിച്ചത് 27.79 കോടി രൂപ; രമേശ്‌ ചെന്നിത്തലയ്ക്ക് കോഴ നൽകി എന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും ബിജു രമേശ്‌

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് പി സുനിൽ കുമാറിന്റെ ബാറുടമകൾ പണം പിരിച്ചിരുന്നില്ലെന്ന വാദം തള്ളി ബാറുടമ ബിജു രമേശ്‌. 27.79 കോടി രൂപ ബാറുടമകൾ പിരിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയ റിപ്പോർട്ടും ഇതോടൊപ്പം ബിജു രമേശ് പുറത്തു വിട്ടിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ബിജു രമേശ്‌ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന ആരോപണം ബിജു ഉയർത്തിയതിനു പിന്നാലെയാണ് അത് നിഷേധിച്ച് അസോസിയേഷൻ നേതാവ് വി സുനിൽകുമാർ രംഗത്തെത്തിയത്. എന്നാൽ, സുനിൽകുമാർ ആ സമയത്ത് ഭാരവാഹിത്വത്തിൽ ഇല്ലായിരുന്നുവെന്നും അന്നത്തെ ഭാരവാഹികൾ താൻ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു വ്യക്തമാക്കി.

മുൻ മന്ത്രി കെ. ബാബുവിനെതിരായി തെളിവില്ലെന്നു പറയുന്ന വിജിലൻസ് റിപ്പോർട്ടിൽ തന്നെ ബാർ അസോസിയേഷൻ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയാണെന്നാണ് ബിജു ആരാഞ്ഞത്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അതേസമയം സുനിലിനു വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.

Related Articles

Latest Articles