ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം മൊഴിയെടുപ്പ് തുടരുകയാണ്. ആരോപണത്തിനിടയാക്കിയ ശബ്ദസന്ദേശമിട്ട
അനിമോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പണം നൽകിയെന്ന് അനിമോൻ വെളിപ്പെടുത്തിയ അണക്കരയിലെ സ്‌പൈസ് ഗ്രോവ് എന്ന ഹോട്ടലിന്‍റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. അനിമോനും ഈ ഹോട്ടലിൽ പാർട്ണറാണ്.
ശബ്ദസന്ദേശം വിവാദമായതോടെ പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നുവെന്ന് അനിമോൻ മലക്കം മറിഞ്ഞിരുന്നു. സംഘടനയും ഇക്കാര്യം തന്നെയാണ് ആദ്യം മുതൽ പറഞ്ഞിരുന്നതും. എന്നാൽ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് കെട്ടിട ഫണ്ടിനാണെന്ന ബാറുടമകളുടെ ഈ വാദം പൊളിക്കുന്ന രേഖ പിന്നാലെ പുറത്ത് വന്നു. സംഘടനയ്ക്കായി കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ ഒരു ലക്ഷം വീതം ബാറുമടകളുടെ സംഘടനയിലെ അംഗങ്ങൾ നൽകിയതിൻ്റെ പട്ടികയാണ് പുറത്ത് വന്നത്.

