Wednesday, May 8, 2024
spot_img

മുന്നിൽ ഏഷ്യാനെറ്റ്, തൊട്ടുപിന്നിൽ 24, ജനവും കൈരളിയും ഒപ്പത്തിനൊപ്പം; മുഖം മിനുക്കിയ റിപ്പോർട്ടറിന് തിളങ്ങാനായില്ല; ഏറ്റവും പുതിയ ചാനൽ റേറ്റിങ് കണക്കുകൾ പുറത്തുവന്നപ്പോൾ മലയാളം ന്യൂസ് ചാനലുകളുടെ സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: ഏറ്റവും പുതിയ ചാനൽ റേറ്റിങ് കണക്കുകൾ പുറത്തുവന്നപ്പോൾ മലയാളം വാർത്താ ചാനലുകളിൽ ആധിപത്യം നിലനിർത്തി ഏഷ്യാനെറ്റ്. 27 ആഴ്ചകളിലെ റേറ്റിംഗ് പുറത്തുവന്നപ്പോൾ 92 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയിരിക്കുന്നത്. തൊട്ടു പിന്നിൽ 84 പോയിന്റുകളുമായി 24 ന്യൂസാണ്. മനോരമ ന്യൂസും മാതൃഭൂമി ന്യൂസുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. പുതിയ കണക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത് റിപ്പോർട്ടറിന്റെ സ്ഥാനമാണ്. സാങ്കേതിക മികവോടെ മുഖം മിനുക്കി എന്നവകാശപ്പെടുന്ന റിപ്പോർട്ടർ റേറ്റിങ്ങിൽ ഏറെ പിന്നിലാണ്. 2.20 പോയിന്റുകൾ മാത്രമാണ് റിപ്പോർട്ടറിന് നേടാനായത്.

കൈരളി ചാനൽ അഞ്ചാം സ്ഥാനത്തേക്കുയർന്നെങ്കിലും ജനം തൊട്ടു പിന്നിലുണ്ട്. 21 പോയിന്റ് കൈരളി നേടിയപ്പോൾ 19 പോയിന്റ് നേടി ജനം ടി വി ആറാം സ്ഥാനത്തെത്തി. 26 ആഴ്ചയിൽ ജനം ടി വി ക്കും കൈരളിക്കും ഒരേ പോയിന്റുകളാണ് ലഭിച്ചത്. എന്നാൽ പ്രോഗ്രാമുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ ജനം ടി വി യാണ് മുന്നിൽ. 15 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ളത് ന്യൂസ് 18 കേരളയാണ്. ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്താണ് റിപ്പോർട്ടർ ടി വി. മുൻ നിരയിലുള്ള ആദ്യ നാല് ചാനലുകൾക്കും പോയിന്റ് നിലയിൽ നേട്ടമുണ്ടാക്കാനായിട്ടുണ്ട്.

ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി. ഇത് ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടി.ആർ.പി റേറ്റിംഗ് പുറത്തുവിടുന്നത്. ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ പരിപാടികൾ കണ്ടെത്താൻ റേറ്റിംഗ് സഹായിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2018 ൽ വ്യക്തമാക്കിയിട്ടുണ്ട്. ബർക്ക് എന്ന സംഘടനയാണ് ചാനൽ റേറ്റിങ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ, ചാനലുകൾ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്, ദി ഇന്ത്യൻ സൊസൈറ്റി ഓഫ് അഡ്വർടൈസേഴ്‌സ്, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അഥവാ ബാർക്ക്. 2010 ലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും 2015 ജൂലൈയിലാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ബാർക്ക് രജിസ്റ്റർ ചെയ്തത്.

45,000 വീടുകളിൽ ബാർക്ക് “ബാർ-ഒ-മീറ്റർ സ്ഥാപിച്ചാണ് ചാനൽ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്. ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഈ വീടുകളെ 12 വിഭാഗങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്. ഈ വീടുകളിലെ വൈദ്യുതി കണക്ഷൻ മുതൽ കാർ വരെയുള്ള 11 ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് 12 വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പരിപാടി കാണുമ്പോൾ ഈ വീടുകളിലെ അംഗങ്ങൾ അവരുടെ വ്യൂവർ ഐഡി ബട്ടൺ അമർത്തും. ഇത്തരത്തിൽ ഈ വീടുകളിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക ഐഡി ഉണ്ടാകും. ഇതിലൂടെ അവർ ചാനൽ കണ്ട സമയം രേഖപ്പെടുത്തും. പ്രായവ്യത്യാസം അനുസരിച്ച് പ്രേക്ഷകന്റെ അഭിരുചികളും ഇത്തരത്തിൽ ശേഖരിക്കപ്പെടും.

Related Articles

Latest Articles