Sunday, May 5, 2024
spot_img

ഏഷ്യൻ ഗെയിംസ് ടീം പ്രഖ്യാപിച്ച് ബിസിസിഐ ; സഞ്ജു ടീമിലില്ല ; താരത്തിന്റെ ലോകകപ്പ് പ്രവേശന സാധ്യതയേറുന്നു

മുംബൈ : സീനിയർ‌ താരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചു കൊണ്ട് ബിസിസിഐ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ശിഖർ ധവാൻ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ട്വന്റി20യിൽ ഒൻപതു രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള യുവതാരമായ ഋതുരാജ് ഗെയ്ക്‌വാദാണ് ധവാനെയും പിന്തള്ളി ചൈനയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. ഇതോടെ ഒരു കാലത്ത് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്ന ധവാന് ടീമിലേക്കുള്ള തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല .

ബിസിസിഐയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജുവില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ടീമിനെ സഞ്ജു നയിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു സാംസണെ തഴഞ്ഞതോടെ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കു പരിഗണിക്കാനാണു സാധ്യത. ഈ വർഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെയാണ് ഏഷ്യൻ ഗെയിംസ്. ക്രിക്കറ്റ് മത്സരങ്ങൾ നേരത്തേ തുടങ്ങും. ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് ആരംഭിക്കുക.

നിലവിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള പരിശീലനത്തിലാണ് സഞ്ജുവിപ്പോൾ. ഇതിൽ മികവ് പ്രകടിപ്പിച്ചാൽ താരത്തെ ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

വിക്കറ്റ് കീപ്പർ ബാറ്റർ വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് പരിശീലനം പുനരാരംഭിച്ചുവെങ്കിലും മടങ്ങി വരവ് എപ്പോഴാകും എന്നതിൽ വ്യക്തതയില്ല. ഇഷാന്‍ കിഷനാണ് ഏകദിന ലോകകപ്പിൽ വിക്കറ്റ് കീപ്പറാകുന്നതിന് സഞ്ജുവിന് വെല്ലുവിളി ഉയർത്തുക. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരിക്കേറ്റ സഞ്ജുവിനെ അതിനു ശേഷം ഇന്ത്യന്‍ ടീമില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ന്യൂസീലൻഡിനെതിരായ പരമ്പരയും താരത്തിനു നഷ്ടമായി. ഐപിഎല്ലിൽ വലിയ മികവ് പ്രകടിപ്പിക്കാൻ സാധിച്ചില്ലെങ്കിലും വിൻഡീസ് പര്യടനത്തിൽ സഞ്ജുവിനെയും ബിസിസിഐ ടീമിലെടുക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീം

ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രൻ സിങ്

സ്റ്റാൻഡ് ബൈ താരങ്ങൾ: യഷ് ഠാക്കൂർ, സായ് കിഷോർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശൻ

Related Articles

Latest Articles