Saturday, September 19, 2026

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം! ശക്തമായ തിരമാല റോഡിലേക്ക് കയറി,വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.
കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.

Related Articles

Latest Articles