Sunday, May 19, 2024
spot_img

വെള്ളനാട്ടിൽ വീണ്ടും കരടിയോ? നിരീക്ഷണം ഊർജ്ജിതമാക്കി വനംവകുപ്പ്

തിരുവനന്തപുരം: വെള്ളനാട്ടിൽ കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികൾ ചത്തനിലയിൽ കണ്ടെത്തി.
കോഴികളുടെ അസ്ഥി മാത്രമാണ് ശേഷിച്ചത്. കോഴിക്കൂടിന് സമീപത്ത് വലിയ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കരടിയുടേതാകാമെന്ന സംശയത്തിലാണ് നാട്ടുകാരും വനംവകുപ്പും.

കരടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളുടെ ചിത്രങ്ങൾ പകർത്തിയശേഷം, പ്രത്യേക പരിശോധനയ്ക്കായി പെരിയാർ കടുവ സങ്കേതം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, വെള്ളനാട് മേഖലയിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ പ്രദേശത്ത് പ്രത്യേക നിരീക്ഷണവും പരിശോധനയും വനംവകുപ്പ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് കരടിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. നാട്ടിൽ കരടി ഇറങ്ങിയതായി സമൂഹമദ്ധ്യാമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. അതേസമയം, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

Related Articles

Latest Articles