ബ്യൂട്ടി പാർലർ വെടിവയ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിനായി ഭീകര വിരുദ്ധ സ്‌ക്വാഡ് കർണാടക കോടതിയിൽ അപേക്ഷ നൽകും. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലടക്കം രവി പൂജാരിയെ ചോദ്യം ചെയ്യും. ഇതിനുപുറമെ രവി പൂജാരിയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഈ കേസുകൾ അന്വേഷിക്കുന്നത്.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി പനമ്പള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ 2018 ഡിസംബറിലാണ് വെടിവയ്പ് നടന്നത്. രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് വെടിവയ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രവി പൂജാരിയുടെ പങ്ക് വ്യക്തമാകുന്നതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായാണ് രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി.

