കൊച്ചി : വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കൈക്കലാക്കിയ ഫയലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി സിബിഐ. ഇതോടെ ലൈഫ് മിഷന്‍ കേസില്‍ കുരുക്കുകള്‍ മുറുക്കിയിരിക്കുകയാണ് സിബിഐ. ലൈഫ് മിഷന്‍ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് ഇതുസംബന്ധിച്ചുള്ള നോട്ടീസും നല്‍കി. ഇന്ന് രാവിലെ 11ന് കൊച്ചി ഓഫീസില്‍ ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ലൈഫ് മിഷന്‍ ഫയലുകള്‍ പരിശോധിക്കുന്നതിനായി സിബിഐ അന്വേഷണ സംഘം തിങ്കളാഴ്ച തൃശൂര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഒറിജിനല്‍ ഫയല്‍ ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ സിബിഐയെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ന് രാവിലെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അതേസമയം സിബിഐ, നഗരസഭ ഓഫീസില്‍ നിന്നു പ്ലാന്‍ അടക്കമുള്ള ഫയലുകളും ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുക്കുകയും സെക്രട്ടറി ഉള്‍പ്പടെയുള്ളവരില്‍ നിന്നു വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.

