Tuesday, May 21, 2024
spot_img

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബംഗാൾ !രാജ്ഭവനിൽ പീസ്റൂമും പരാതിപരിഹാര സംവിധാനവും ; അഴിമതിയും അക്രമവും തടയാൻ സഞ്ചരിക്കുന്ന രാജ്ഭവനുമായി ഗവർണർ ആനന്ദബോസ്

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അക്രമത്തിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ബംഗാൾ ഗവർണർ ഡോ സിവി.ആനന്ദബോസ് . ‘മനുഷ്യരക്തം കൊണ്ടുള്ള രാഷ്‌ട്രീയ ഹോളി’ അനുവദിക്കില്ലെന്ന് അദ്ദേഹം താക്കീതും നൽകി.

കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെന്ന പോലെ രാവിലെ ആറു മണി മുതൽ താൻ നിരത്തിലുണ്ടാകും. തിരഞ്ഞെടുപ്പിൽ അക്രമവും അഴിമതിയും ഇല്ലാതാക്കുന്നതിനാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ മുൻഗണന. താൻ ജനങ്ങളിലേക്ക് നേരിട്ടുചെല്ലും. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് തീരുമാനമെടുക്കും.”- ഗവർണർ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ സമാധാനവും സുതാര്യതയും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ബംഗാളിലെ തിരഞ്ഞെടുപ്പ് തീരുംവരെ താൻ വിളിപ്പുറത്തുണ്ടാകും. ജനങ്ങൾക്ക് എപ്പോഴും തന്നെ ബന്ധപ്പെടാം. മുൻകാലങ്ങളിലെപ്പോലെ തിരഞ്ഞെടുപ്പ്കാലത്ത് കൊല്ലും കൊലയും അഴിമതിയും ഒരു കാരണവശാലും അനുവദിക്കില്ല. സ്ഥാനാർത്ഥികൾക്ക് നാമനിർദേശം സമർപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും സമ്മതിദായകർക്ക് നിർഭയം വോട്ട് ചെയ്യാനും അവസരമുണ്ടാകണം. അതിനാവശ്യമായതെല്ലാം ചെയ്യും” – ഗവർണർ ആനന്ദബോസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ ഗവർണർ രാജ്ഭവനിൽ ‘ലോഗ്സഭ’ എന്ന പേരിൽ പോർട്ടൽ ആരംഭിച്ചു. [email protected] എന്ന ഇമെയിലിൽ ഏതൊരു പൗരനും ഗവർണറുമായി ആശയവിനിമയം നടത്താം. അങ്ങനെ ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഉടനടി പരിശോധിച്ച് നടപടിയെടുക്കും.

തദ്ദേശഭരണ തിരഞ്ഞെടുപ്പു വേളയിൽ ഗവർണർ രാജ്ഭവനിൽ ‘പീസ്റൂം’ തുറന്നപ്പോൾ ടെലിഫോണിലൂടെയും ഇ-മെയിലിലൂടെയും ബന്ധപ്പെടാൻ 24 മണിക്കൂർ സേവനസംവിധാനം ഒരുക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നും ആയിരക്കണക്കിന് നിവേദനങ്ങളും പരാതികളുമാണ് കിട്ടിയത്. എല്ലാറ്റിനും ഉടനടി നടപടി സ്വീകരിച്ചു. അഴിമതിയും അക്രമങ്ങളും കുറയ്ക്കാൻ കഴിഞ്ഞു. സമാനമായ സംവിധാനമാണ് ഈ തിരഞ്ഞടുപ്പിലും സജ്ജീകരിക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഗവർണർ ബന്ധപ്പെട്ടതായാണ് വിവരം.

Related Articles

Latest Articles