Monday, September 21, 2026

വിവേകാനന്ദന്റെ മണ്ണിൽ കുന്നുകണക്കിന് കള്ളപ്പണമെന്ന് ബിജെപി; ബംഗാൾ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ്; കസ്റ്റഡിയിലിരിക്കെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ചോദ്യം ചെയ്യൽ നീളുന്നു

കൊൽക്കത്ത: ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും സ്വാമി വിവേകാനന്ദന്റെയും നാടായ പശ്ചിമ ബംഗാളിൽ മന്ത്രിയുടെ പക്കൽ നിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചത് രാജ്യത്തിനു നാണക്കേടാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ പെൺ സുഹൃത്ത് അർപ്പിത മുഖർജിയുടെ വീട്ടിൽ 20 കോടി രൂപ കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനാണ് അറസ്റ്റിലായ മന്ത്രി. “ഒരാളുടെ വീട്ടിൽ നിന്ന് 21 കോടി രൂപയുടെ കറൻസി നോട്ടുകൾ കണ്ടെത്തി. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും സ്വാമി വിവേകാനന്ദന്റെയും നാടായ ബംഗാളിലെ പുണ്യ ഭൂമിയിൽ നടന്ന ഈ നാണംകെട്ട അഴിമതിയെ അപലപിക്കണം. വിദ്യയുടെ ദേവതയായ സരസ്വതിയെ ആരാധിക്കുന്നവരുടെ ദൈവിക നാട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്,” കേന്ദ്രമന്ത്രി പറഞ്ഞു

അതേസമയം വൻതോതിൽ പിടിച്ചെടുത്ത കള്ളപ്പണവുമായി നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ചോദ്യം ചെയ്യുന്നത് ഇ ഡി നീട്ടിവച്ചു. കസ്റ്റഡിയിലിരിക്കെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് നടപടി. മന്ത്രിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തേക്കാണ് മന്ത്രിയെ ഇ ഡി കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ആശുപത്രി വിട്ടാൽ ഉടൻ ചോദ്യം ചെയ്യാനാണ് ഇ ഡി യുടെ തീരുമാനം.

Related Articles

Latest Articles