Sunday, December 21, 2025

ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേള: ചരിത്രനേട്ടവുമായി മേപ്പടിയാന്‍; ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ഉണ്ണി മുകുന്ദൻ ചിത്രം

ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ‘മേപ്പടിയാന്‍. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 100ഓളം ചിത്രങ്ങളെ മറികടന്നാണ് ‘മേപ്പടിയാന്‍’ ഈ അംഗീകാരത്തിന് അര്‍ഹമായത്. നഗരത്തിലെ മൂന്ന് വേദികളിലായി എട്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ 332 പ്രദര്‍ശനങ്ങള്‍ നടന്നു. 250ഓളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവലിന്റെ അടുത്ത പതിപ്പ് മാര്‍ച്ച്‌ 3 മുതല്‍ ആരംഭിക്കും.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.

മേപ്പടിയാനായി 20 കിലോയിലധികം ഭാരം വര്‍ദ്ധിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. സിനിമ പൂര്‍ത്തിയായതോടെ 93 കിലോ ഭാരത്തില്‍ നിന്നും താരം 77 കിലോ എത്തി ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു. സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. സാബു മോഹനാണ് കലാസംവിധാനം. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്

Related Articles

Latest Articles