Wednesday, October 7, 2026

മട്ടൻ എന്ന വ്യാജേന വിളമ്പിയത് ഗോമാംസം !മലയാളികളായ റെസ്റ്റോറന്റ് ഉടമകൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: മട്ടൻ എന്ന വ്യാജേനെ ഗോമാംസം വിളമ്പിയ ബെംഗളൂരുവിലെ റെസ്റ്റോറന്റ് ഉടമകളായ രണ്ട് മലയാളികൾ അറസ്റ്റിൽ. ബൈരതി സ്വദേശി ജിജോ അലക്സാണ്ടർ, തിപ്പണ്ണ ലേഔട്ടിൽ താമസിക്കുന്ന ഷിബു കെ.ബി എന്നിവരെയാണ് അവലഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബോമ്മനഹള്ളിയിലെ ‘ഐസിരി ഹബ്ബ് കായലോരം’ എന്ന റെസ്റ്റോറന്റിന്റെ ഉടമകളാണിവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ പങ്കാളിയായ അഭിലാഷ് എന്നയാൾ നിലവിൽ ഒളിവിലാണ്.

കായലോരം റെസ്റ്റോറന്റിൽ മട്ടൻ കറിയെന്ന് പറഞ്ഞ് ബീഫ് നൽകുന്നുണ്ടെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഹോട്ടലിലെ മെനുവിൽ എവിടെയും ബീഫ് വിഭവങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ ഇവിടെനിന്ന് മട്ടൻ വിഭവങ്ങൾ കഴിച്ച ചില യുവാക്കൾക്ക് ഇറച്ചിയുടെ രുചിയിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് തർക്കിക്കുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ അവലഹള്ളി സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സാധാരണ വേഷത്തിൽ ഉപഭോക്താവെന്ന വ്യാജേന റെസ്റ്റോറന്റിലെത്തി മട്ടൻ വിഭവങ്ങൾ വാങ്ങി പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മൃഗസംരക്ഷണ-വെറ്ററിനറി സയൻസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഈ ഇറച്ചി ബീഫ് (ഗോമാംസം) ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് സംഘം ഹോട്ടലിൽ എത്തി പരിശോധന നടത്തുകയും സ്ഥാപനം അധികൃതർ പൂട്ടി സീൽ ചെയ്യുകയുമായിരുന്നു.

കർണാടക കന്നുകാലി വധനിരോധന-സംരക്ഷണ നിയമം-2020 (ആക്ട് 5, 12) പ്രകാരമാണ് പ്രതികൾക്കെതിരെ അവലഹള്ളി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിളുകൾ കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ലബോറട്ടറി റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നിയമനടപടികളിലേക്ക് കടക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles