Tuesday, May 21, 2024
spot_img

I.N.D.I.A മുന്നണിയിലെ സ്വരച്ചേർച്ചയില്ലായ്മ തെളിയിച്ച് കാവേരി നദീ ജലം ; നദീ ജലം തമിഴ്നാടിന് നൽകുന്നതിൽ പ്രതിഷേധിച്ചുള്ള ബന്ദ് നാളെ ബെംഗളൂരുവിനെ സ്തംഭിപ്പിക്കും ! ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലും തമിഴ് സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമ തിയേറ്ററുകളിലും സുരക്ഷ ശക്തമാക്കി

I.N.D.I.A മുന്നണിയിലെ സ്വരച്ചേർച്ച സംബന്ധിച്ച ചർച്ചകൾ വാർത്തയാകുന്നതിനിടെ പ്രശ്നങ്ങൾ ഒന്നുകൂടി രൂക്ഷമാക്കിക്കൊണ്ട് കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് ജലം കൊടുക്കണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിനെതിരെ കന്നഡ അനുകൂല, കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കും.കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ, വെബ് ടാക്സി, ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, റസ്റ്ററന്റ് അസോസിയേഷനുകൾ എന്നിവർ ഇതിനോടകം ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഐടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് സംഘടനകൾ അഭ്യർഥിച്ചു. പതിനഞ്ചോളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ച് വൻ പ്രതിഷേധ റാലിയും നഗരത്തിൽ സംഘടിപ്പിക്കും എന്നാണ് വിവരം.

I.N.D.I.A മുന്നണിയിലെ പ്രധാനകക്ഷിയായ കോൺഗ്രസ് ഭരിക്കുന്ന കർണാടകയ്ക്കും സഖ്യ കക്ഷിയായ ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാടിനുമിടയിൽ കാവേരി നദീ ജല പ്രശ്നത്തിൽ അസ്വാരസ്യങ്ങൾ പുകയുവാൻ ആരംഭിച്ചിട്ട് കാലങ്ങളായി. തമിഴ്നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നൽകണമെന്ന് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ അധികജലം തമിഴ്നാടിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പിന്നാലെയാണ് തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

തമിഴ്‌ സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്കേർപ്പെടുത്തണമെന്നും കന്നഡ അനുകൂലി സംഘടനയായ കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാർ നാഗരാജ് ആവശ്യപ്പെട്ടു. പിന്നാലെ മുൻകരുതൽ നടപടിയായി ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലും തമിഴ് സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമ തിയേറ്ററുകളിലും സുരക്ഷ ശക്തമാക്കി. പ്രശ്നപരിഹാര ചർച്ചകൾക്ക് കേന്ദ്ര സർക്കാർ മദ്ധ്യസ്ഥത വഹിക്കാൻ തയാറാകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles