Friday, May 10, 2024
spot_img

യുഎൻ രക്ഷാസമിതിയിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകൂ…അവർ ഏറ്റവും അനുയോജ്യർ ..ശക്തമായ ആവശ്യവുമായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ

ന്യൂയോർക്ക്: യുഎൻ രക്ഷാ സമിതിയിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണമെന്ന ശക്തമായ ആവശ്യവുമായി ഗ്ലോബൽ സൗത്ത് വികസ്വര രാഷ്ട്രങ്ങൾ. ഭാരതത്തിന്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നഭിപ്രായപ്പെട്ട അവർ സ്ഥിരാംഗത്വ പദവിക്ക് ഭാരതം അനുയോജ്യരാണെന്നും യുഎൻ പൊതു സഭയിൽ അഭിപ്രായപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഭാരതത്തെ പ്രശംസിച്ചത്.

ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഭാരതത്തിന് വൻ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഭാരതം പല ചെറു രാജ്യങ്ങളെയും സഹായിച്ചുവെന്നും അതിനാൽ തന്നെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിന് ഭാരതത്തിന്
അർഹതയുണ്ടെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. അതെ സമയം ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിൽ യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചതോടെ വലിയ അഭിനന്ദനമാണ് ഭാരതത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എന്നത് കഠിനമായ ദൗത്യം തന്നെയായിരുന്നു. ചൈന, റഷ്യ, പ്രധാന പാശ്ചാത്യ രാജ്യങ്ങൾ എന്നിവരുമായി നടത്തിയ ഫലവത്തായ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ നൽകിയ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഭാരതത്തെ സഹായിച്ചത്. റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനിടയാക്കിയത്.ഒരു പക്ഷെ സംയുക്ത പ്രഖ്യാപനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ നയതന്ത്ര രംഗത്തും ഭാരതത്തിന് ക്ഷീണമാകുമായിരുന്നു. മാത്രമല്ല ഭാരതം ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നു.

Related Articles

Latest Articles